Thursday, 15 November 2012

കടാങ്കോട്ട് മാക്കം (മാക്കപോതി)

കടാങ്കോട്ട് മാക്കം,(മാക്കപോതി)കണ്ണൂര്‍


ത്തരകേരളത്തിലെ നായര്‍ തറവാടുകളിലൊന്നില്‍ നാത്തൂന്‍പോരിനും തലയണമന്ത്രത്തിനും ഇരയാവേണ്ടി വന്നവള്‍ കടവാങ്കോട്ട് കുഞ്ഞിമാക്കം. നേരാങ്ങളമാര്‍ അരിഞ്ഞിട്ട മാക്കത്തിന്റെയും മക്കളുടെയും കദനകഥയറിയാന്‍ ഒരു രാത്രി ഇറങ്ങിത്തിരിച്ചപ്പോള്‍വേദനിപ്പിക്കുന്ന ഓര്‍മയുടെയും അടങ്ങാത്ത ക്രോധത്തിന്റെയും തികഞ്ഞ ഭക്തിയുടെയും തീപന്തങ്ങളുമായി തിറകെട്ടിയാടുന്ന ഗ്രാമദേവതയായ കടാങ്കോട്ട് മാക്കം. കണ്ണൂര്‍ കുഞ്ഞിമംഗലത്തെ കടവാങ്കോട്ട് തറവാട്ടില്‍, കുംഭ മാസം 10, 11 തീയതികളിലും ചാലയിലെ പുതിയവീട്ടില്‍ 14, 15 തീയതികളിലുമാണ് മാക്കത്തിന്റെ കളിയാട്ടം.




 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന മാക്കത്തിന്റെ കഥ, തലമുറകള്‍ പാടി പാടി പകര്‍ന്നു വന്ന ചരിത്രവും ഐതിഹ്യവും കലര്‍ന്ന ദുരന്ത കഥ, തോറ്റം പാട്ടിലൂടെ ഞങ്ങള്‍ കേട്ടുതുടങ്ങി. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്കും പയ്യന്നൂരിനുമിടയിലെ കുഞ്ഞിമംഗലം എന്ന ഗ്രാമം.... കോലത്തുനാടിന്റെ പടനായകരായ നമ്പ്യാന്‍മാര്‍ ജനിച്ചുവളര്‍ന്ന കടവാങ്കോട്ട് തറവാട്. ആഢ്യത്വവും ഐശ്വര്യവും നിറഞ്ഞുനിന്ന തറവാട്ടിലെ ഉണിചെറിയ എന്ന പെണ്‍കുട്ടി പുടവ വാങ്ങിച്ചത് മൂക്കന്‍കുറ്റി വീട്ടിലെ കുഞ്ഞിക്കോമന്റെ കൈയില്‍ നിന്ന്.ഇവര്‍ക്ക് വീരശൂരപരാക്രമികളായ 12 ആണ്‍മക്കള്‍ പിറന്നു. കൊട്ടിയൂരിലും തളിപ്പറമ്പിലും കളരിവാതില്‍ക്കലും വഴിപാടുകള്‍ നേര്‍ന്ന്, ദുഃഖിതയായ ഉണിചെറിയ ഒരു പെണ്‍കുട്ടിക്കായി കാത്തിരുന്നു. ഒടുവില്‍ പതിമൂന്നാമത്തെ പേറില്‍ വീടിനെയും നാടിനെയും ആഹ്ലാദത്തിലാഴ്ത്തി ഒരു പെണ്‍കുഞ്ഞ് പിറന്നു. 28 ാം നാള്‍ അവളെ മാക്കം എന്ന് പേരുവിളിച്ചു. പന്ത്രണ്ട് ആങ്ങളമാരുടെ കുഞ്ഞോമന പെങ്ങളായി വളര്‍ന്ന മാക്കം കുലീനതയിലും കളരിമുറയിലും ഏവരെയും അത്ഭുതപ്പെടുത്തി.




 മരിച്ചുപോയ അച്ഛന്റെ ആഗ്രഹപ്രകാരം, ഇളംവയസ്സില്‍ തന്നെ മുറചെറുക്കനായ കുട്ടിനമ്പര്‍ മാക്കത്തിന് പുടവ കൊടുത്തു. അവള്‍ രണ്ടോമനകള്‍ക്ക് ജന്മമേകി- ചാത്തുവും ചീരുവും .തറവാട്ടില്‍ മാക്കത്തിനുണ്ടായിരുന്ന സ്ഥാനത്തില്‍ അസൂയ പൂണ്ട നാത്തൂന്മാര്‍, എപ്പോഴും അവളെ പരിഹാസ വാക്കുകളാല്‍ വേദനിപ്പിക്കുമായിരുന്നു.

 അങ്ങനെയിരിക്കെ ഒരു ദിവസം തറവാട്ടിലേക്ക് എണ്ണ കൊണ്ടുവരാറുള്ള വാണ്യനെമ്മന്‍ അവിടെയെത്തി. പുറത്താരേയും കാണാഞ്ഞതിനാല്‍ വാണ്യനെമ്മന്‍ വാതില്‍ക്കല്‍ നിന്ന് ഉറക്കെ വിളിച്ചു. തീണ്ടാരിയായ താന്‍ ഈറ്റുപുരയിലാണെന്നും മുറ്റത്തേക്ക് വരാന്‍ തനിക്ക് പാടില്ലെന്നും, എണ്ണഭരണി അകത്തേക്ക് നീട്ടിവെച്ച് കൊള്ളാനും മാക്കം ഉച്ചത്തില്‍ പറഞ്ഞു.

 അങ്ങനെ ചെയ്ത് വാണ്യനെമ്മന്‍ ഇറങ്ങുമ്പോള്‍, ഒളിഞ്ഞിരുന്ന നാത്തൂന്മാര്‍ ചാടിവീഴുകയും മാക്കത്തെ കാമിക്കാനാണ് അവന്‍ വന്നതെന്ന് ആരോപിക്കുകയും ചെയ്തു. പട ജയിച്ച് ആങ്ങളമാര്‍ തിരിച്ചെത്തിയപ്പോള്‍ കേട്ടത്, കുഞ്ഞിപെങ്ങളുടെ കാമഭ്രാന്തിന്റെ നുണകഥകളായിരുന്നു. ഇളയവന്‍ കുട്ടിരാമന്‍ ഒഴികെ, ഏവരും അക്കഥകള്‍ വിശ്വസിച്ച് കലിതുള്ളി.മനസ്സിലൊതുക്കിയ പകയുമായി ആങ്ങളമാര്‍ അടുത്ത ദിവസം മാക്കത്തോട് കോട്ടയം വിളക്കുത്സവം കാണാനായി ഒരുങ്ങിയിറങ്ങാന്‍ പറഞ്ഞു. വരുന്നതെന്തും സഹിക്കാനുള്ള മനക്കരുത്തുമായി മാക്കം കുട്ടികളെയുമെടുത്ത് ഇറങ്ങി. മാടായി കാവിലും ചെറുകുന്നിലും കളരിവാതില്‍ക്കലും കടലായി ക്ഷേത്രത്തിലും തൊഴുതിറങ്ങിയ മാക്കവും കുട്ടികളും, ആങ്ങളമാര്‍ക്ക് പുറകെയായി നടന്നു. ചാലയിലെത്തിയപ്പോഴേക്കും തളര്‍ന്നിരുന്ന കുഞ്ഞുങ്ങള്‍ക്ക് അല്പം വെള്ളം വാങ്ങി കൊടുക്കാന്‍ പുതിയവീട് എന്ന തറവാട്ടിലേക്ക് മാക്കം കയറി.




 പെരളശ്ശേരിയും പിന്നിട്ട് മമ്പറം കടവിലെത്തിയ മാക്കവും ആങ്ങളമാരും, തോണിയില്‍ പുഴ കടന്ന് വടക്കോട്ട് നീങ്ങി. ആ വഴിയില്‍ നട്ടുച്ചനേരത്ത് നക്ഷത്രം കാണുന്ന ഒരു പൊട്ടകിണറുണ്ടെന്ന് അവര്‍ മാക്കത്തെ ധരിപ്പിച്ചു. കിണറ്റിലേക്ക് നോക്കിയ കൂടപ്പിറപ്പിന്റെ കഴുത്തില്‍ മൂത്താങ്ങളയായ കുഞ്ഞിക്കോമന്റെ വാള്‍ വീണു.'ഞങ്ങളെ കൊല്ലല്ലേ പൊന്നമ്മാവാ' എന്ന് അലമുറയിട്ട പൈതങ്ങളായ ചാത്തുവിനെയും ചീരുവിനെയും അവര്‍ വെട്ടി കിണറ്റിലിട്ടു. കാട് കൊത്താന്‍ വന്ന മാവിലോന്‍ എന്നയാള്‍ ഇതിനെല്ലാം സാക്ഷിയായിരുന്നു. അയാളെയും അവര്‍ കൊത്തി കിണറ്റിലെറിഞ്ഞു. 

 അന്ന് രാത്രി തന്നെ സത്യസ്വരൂപിണിയായി പുനരവതിച്ച മാക്കം, കടവാങ്കോട്ട് തറവാട്ടില്‍ തിരിച്ചെത്തിയ പതിനൊന്ന് ആങ്ങളമാരെയും നാത്തൂന്മാരെയും ചുട്ടുചാമ്പലാക്കി. പടനായകന്‍മാരുടെ തറവാട് കത്തിയമര്‍ന്നു. ഇളയവന്‍ കുട്ടിരാമനും ഭാര്യ ചിന്നാണിയും മാത്രം ബാക്കിയായി.




 അതേ രാത്രി പുതിയവീട്ടിലെ മുത്തശ്ശിക്ക്, സ്വപ്‌നത്തില്‍ മാക്കം ഭഗവതിയുടെ ദര്‍ശനം ലഭിച്ചു. 'അമ്മേ മടങ്ങീ ഞാനീ വിധത്തില്‍, കണ്ണീരൊഴുക്കാതെ സ്വീകരിക്കൂ.... എന്നുമീ ചാല പുതിയവീട്ടില്‍ എന്നെ കഴിയാന്‍ അനുവദിക്കൂ....' പുതിയവീടിന്റെ തിരുമുറ്റത്ത് , ഈ ചെമ്പകമരത്തിന്റെ അരികത്തായുള്ള ശ്രീകോവിലില്‍, മാക്കം ഭഗവതി കുടിയിരിക്കുന്നു എന്നാണ് വിശ്വാസം.




courtesy:internet,word of mouth



No comments:

Post a Comment